തൃക്കോട്ടൂര്‍ വെസ്റ്റ് ജി. എല്‍. പി സ്കൂളിന്റെ അറുപതാം വാര്‍ഷികവും പ്രധാനാധ്യാപകന്‍ ശ്രീ. യു. കെ. അബ്ദുള്‍ മജീദ് മാസ്റ്ററുടെ യാത്രയപ്പും

ഏപ്രില്‍ 6 ബുധനാഴ്ച പ്രശസ്ത കവി ശ്രീ. പി. കെ ഗോപി ഉദ്ഘാടനം ചെയ്യുന്നു


2013 ജനുവരി 21, തിങ്കളാഴ്‌ച

2013 ജനുവരി 9, ബുധനാഴ്‌ച

വഴിത്തിരിവുകൾ


                        
                      

 ഇബ്രാഹിം തിക്കോടി

കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനനം. കൃഷിവകുപ്പില്‍ മണ്ണു പരിശോധനാ വിഭാഗം ഓഫീസറായി വിരമിച്ചു. തൃക്കോട്ടൂര്‍ വെസ്റ്റ് എല്‍.പി, തൃക്കോട്ടൂര്‍ യു.പി, പയ്യോളി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഫാറൂഖ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭാസം. എയിഡ്സ് നിര്‍മാര്‍ജന വേദി കോ-ഓഡിനേറ്ററായും, അക്ഷരതീരം സാക്ഷരതാ പദ്ധതിയുടെ അസി: പ്രൊജെക്ട് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആകാശവാണിയിലും ആനുകാലികങ്ങളിലും സൃഷ്ടികള്‍ അവതരിപ്പിക്കാറുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നു.

കഥാ സമാഹാരങ്ങള്‍:
സത്യവ്രതനുള്ള കത്തുകള്‍, കനല്‍പ്പാടുകള്‍, നീതിമാനുള്ള പുരസ്കാരം.

    എക്കോ പുരസ്കാരം, താമരശ്ശേരി പബ്ലിക് ലൈബ്രറി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.


      വിദ്യാഭ്യാസത്തിന്റെ ഔന്നത്യങ്ങളിലേയ്ക്ക് ചുവടുകള്‍ വെയ്ക്കാന്‍ നിമിത്തമായ തന്റെ പഴയ ഗുരു നാഥനെ (അടിയോടി മാസ്റര്‍ ,അയനിക്കാട്-തൃക്കോട്ടൂര്‍ വെസ്റ്റ് ജി എല്‍ പി സ്കൂള്‍ 1964-65 കാലഘട്ടം) ക്കുറിച്ച് ഓര്‍ക്കുകയാണ് ശ്രീ ഇബ്രാഹിം തിക്കോടി. 1982ല്‍ 'ചന്ദ്രിക' വാരികയില്‍ പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പില്‍ നിന്ന്........








തികച്ചും യാദൃശ്ചികങ്ങളായ എത്രയോ സംഭവങ്ങള്‍ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി വിടാറുണ്ട് അതു പോലുള്ള ചിലരുടെ വെറും അപ്രധാനമെന്നു തോന്നിക്കുന്ന പ്രവൃത്തികളും ചിലപ്പോള്‍ മറ്റുള്ളവരുടെ ജീവിതം പൂവണിയിയ്ക്കുന്ന  നിര്‍ണ്ണായക സംഭവങ്ങളായിത്തീരാറുണ്ട്.
                                             വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന അത്തരമൊരു സംഭവത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ വാസ്തവത്തില്‍ ഇന്നും ശരീരം രോമാഞ്ചമണിയുന്നു.
             ക‍ത്യമായിപ്പറഞ്ഞാല്‍ ഞാനന്ന് രണ്ടാം ക്ലാസിലായിരുന്നു. അടിയോടി മാസ്റ്റര്‍ ക്ലാസ് ടീച്ചറും.
     മടിയന്മാരും അലസന്മാരുമായി സല്ലപിച്ച് സമയം കളയാനായിരുന്നു പഠിത്തത്തേക്കാള്‍ താല്പര്യം.
    ഒരുദിവസം സ്കൂളില്‍ പോയില്ലെങ്കില്‍ ഹെഡ്മാസ്റ്ററുടെ ചൂരല്‍ ഭീകരരൂപം പൂണ്ട്  മനസില്‍ തെളിയും. അതിന്റെ സാങ്കല്‍പ്പിക ഭീകരതയോര്‍ത്ത് അടുത്ത ദിവസവും തൊട്ടടുത്ത ദിവസങ്ങളും ഹാജര്‍ നഷ്ടപ്പെട്ടു കൊണ്ടേയിരിയ്ക്കും.
    അങ്ങനെദിവസങ്ങള്‍ ആഴ്ചകള്‍ക്കും ആഴ്ചകള്‍ മാസങ്ങള്‍ക്കും വഴിമാറിക്കൊടുത്തുകൊണ്ടിരിയ്ക്കുന്ന ഒരു വേളയിലാണ് അടിയോടി മാസ്റ്റര്‍ വീട്ടിലേക്കെഴുന്നള്ളിയത്.
             അദ്ദോഹത്തിന്റെ തല ദൂരെ നിന്ന് കണ്ടപ്പൊഴേ ഞാന്‍ 'മാള'ത്തില്‍ പതുങ്ങിക്കഴിഞ്ഞിരുന്നു.   ശ്വാസമടക്കി കിണറിനരികെ ഒളിച്ചിരുന്ന എന്നെ അടിയോടി മാസ്റ്ററുടെ ബലിഷ്ടമായ കൈകള്‍ പിടികൂടിയത് പെട്ടന്നായിരുന്നു.
             കുതറിമാറാന്‍ ഏറെ ശ്രമിച്ചു.
    ഒടുവില്‍ മാസ്ററരുടെ ശരീരമാകെ മാന്തിപ്പറിച്ചു.എന്നിട്ടും പിടിവിടാതെ എന്നെ സ്കൂളില്‍ കൊണ്ടിറക്കിയ ശേഷമേ അദ്ദേഹം അടങ്ങിയുള്ളൂ.      
    പഠിത്തത്തില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന എന്നിലെ അലസതയകറ്റാന്‍ അദ്ദേഹം നിര്‍ല്ലോഭം സ്നേഹമസൃണമായ ഉപദേശങ്ങള്‍ ചൊരിഞ്ഞു.എന്നില്‍ പരിവര്‍ത്തനത്തിന്റെ വിത്തുകള്‍ പൊട്ടിമുളക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ‍ഞാന്‍ ഊര്‍ജ്ജസ്വലനാവുകയായിരുന്നു.നല്ല പേര് സമ്പാദിച്ച് പരീക്ഷകളില്‍ ഉന്നത നിലവാരം പുലര്‍ത്തി മുമ്പോട്ടുള്ള യാത്ര അനസ്യൂതം തുടര്‍ന്നു.
             ഞാനിന്ന് ജീവിതത്തില്‍ സാമാന്യം തരക്കേടില്ലാത്തൊരു സ്ഥിതിയിലാണ്.പക്ഷേ മനസ്സില്‍ വേദനയൂറുന്നത്,കഷ്ടതകള്‍ സഹിച്ച് എന്നില്‍ മാറ്റത്തിന്റെ ഒരു കൈത്തിരി കൊളുത്തിവിട്ട ആ വദ്ധ്യവയോധികനായ ഗുരുനാഥന്‍ ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ്.
             മേല്‍പ്പറഞ്ഞ സംഭവം കഴിഞ്ഞ് അടുത്ത വര്‍ഷം തന്നെ ഇഹലോഹവാസം വെടി‍ഞ്ഞ ആ ഗുരുഭൂതരെ അന്ന് അത്ര ഗൗനിച്ചില്ലെങ്കിലും ഇന്നോര്‍ക്കുന്നു,കൃതജ്ഞതാനിര്‍ഭരമായ ഹൃദയത്തോടെ...നിറഞ്ഞ കണ്ണുകളോടെ...
                                   സാബിറാ ഇബ്രാഹിം 
                                (ഇബ്രാഹിം തിക്കോടി)